ന്യൂഡല്‍ഹി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് റിപ്പോര്‍ട്ടിന് കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി. ഇന്ത്യയിലെ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അടക്കം എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തില്‍ വിദേശ രാജ്യത്തിന്‍റെ വിശ്യാസ്യത ആവശ്യമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യ അതിന്‍റെ മതേതര മൂല്യങ്ങളില്‍ അഭിമാനിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എല്ലാ പൗരന്മാര്‍ക്കും മൗലിക അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോസംരക്ഷകരുടെ ആക്രമണവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും യുഎസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിനെ അടിസ്ഥാനമില്ലാതെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് യുഎസിന്‍റേതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് 2018 എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.