ദിസ്പൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കിയ ഗുവാഹത്തി പൊലീസിനെ അഭിനന്ദിച്ച് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ. ഫെബ്രുവരിയില്‍ ചൈനയില്‍ നിന്നും എത്തിയ മൂന്ന് പേരെ പൊലീസ് 28 ദിവസം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത് പൊലീസിന്‍റെ ദീര്‍ഘ വീക്ഷണത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൊവിഡ്-19 റിവ്യു മീറ്റിങിന് ശേഷം പറഞ്ഞു.
മാത്രമല്ല ഗുവാഹത്തി നഗരത്തില്‍ ദിനംപ്രതി സിറ്റി പൊലീസ് 5000 പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പൊലീസിന്‍റെ പ്രവര്‍ത്തനം. റമദാന്‍ കാലമായതിനാല്‍ ഇസ്‌ലാം വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ഥന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ സംസ്ഥാനത്തിന് പുറത്ത് കുടുങ്ങി കിടക്കുന്ന 360 പേരെ അവരവരുടെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.
ഇതില്‍ 320 പേര്‍ രാജസ്ഥാനിലെ കോട്ടയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. മാത്രമല്ല ഗുവാഹത്തിയില്‍ കുടുങ്ങിയ 5000-ത്തില്‍ കൂടുതല്‍ വരുന്ന ആളുകള്‍കളെ അസം സര്‍ക്കാറിന്‍റെ ബസുകളില്‍ തിരിച്ചയക്കും. സംസ്ഥാനത്ത് ജില്ലകള്‍ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കും. എന്നാല്‍ ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.