ലഡാക്ക്: ലേ വിമാനത്താവളത്തിന്‍റെ സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുത്തു. ഡെപ്യൂട്ടി കമാൻഡന്‍റ് സങ്കേത് ഗെയ്ക്വാഡിന്‍റെ നേതൃത്വത്തിൽ 185 പേരെയാണ് സുരക്ഷക്കായി വിന്യസിച്ചത്. സി.ഐ.എസ്.എഫ് ഡയറക്‌ടർ ജനറൽ രാജേഷ് രഞ്ജൻ, ലഡാക്ക് ലെഫ്റ്റനന്‍റ് ഗവർണർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തന്ത്രപ്രധാനമായ എയർസ്റ്റേഷനാണ് ലേയിലേതെന്നും 64 വിമാനത്താവളങ്ങളടക്കം രാജ്യത്താകമാനം സി.ഐ.എസ്.എഫിന് 349 യൂണിറ്റുകളാണ് ഉള്ളതെന്നും സി.ഐ.എസ്.എഫ് ഡയറക്‌ടർ ജനറൽ രാജേഷ് രഞ്ജൻ പറഞ്ഞു.
ലേ വിമാനത്താവളത്തിന്‍റെ സുരക്ഷക്കായി ഉദ്യോഗസ്ഥർ കാവൽ നിൽക്കുമെന്ന് ഡിജി അറിയിച്ചു. തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നതെന്നും ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും ഡിജി കൂട്ടിച്ചേർത്തു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കുള്ള ബാരിക്കേഡുകൾ ഡിജി ഉദ്ഘാടനം ചെയ്‌തു. ബേസിലെ ക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി.