ശ്രീനഗർ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ, കിഴക്കൻ ലഡാക്ക് സെക്ടറിലെ നിയന്ത്രണ രേഖയിൽ വടിവാളുകളുമായി നിൽക്കുന്ന ചൈനീസ് സൈനികരുടെ ചിത്രം പുറത്ത്.
ചൈനീസ് സൈന്യം വടിവാളുകളുമായി നില്‍ക്കുന്നതിനാല്‍ ഇന്ത്യൻ സൈന്യം കൂടുതല്‍ ജാഗ്രതയിലാണ്. ഇരു സൈന്യവും മുഖാമുഖം എത്തിയാല്‍ ഗാൽവാൻ താഴ്‌വരയിൽ സംഭവിച്ചതുപോലെയുള്ള മറ്റൊരു അക്രമാസക്തമായ സംഘർഷം ഉണ്ടായേക്കാമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ബിഹാർ റെജിമെന്‍റ് കമാൻഡിങ് ഓഫീസർ കേണൽ സന്തോഷ് ബാബു ഉൾപ്പെടെ 20 ഇന്ത്യൻ സൈനികരുടെ ജീവൻ ഗാൽവാൻ ഏറ്റുമുട്ടലിൽ നഷ്ടമായിരുന്നു. ഏറ്റുമുട്ടലിൽ തങ്ങളുടെ നാശനഷ്ടങ്ങൾ ചൈന വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ സൈന്യം പറയുന്നു. അതിനു ശേഷം പാങ്കോംഗ് തടാകത്തിന്‍റെ തെക്കേ കരയ്ക്ക് സമീപമുള്ള നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യ അടുത്തിടെ ചൈനയെ മറികടന്നിരുന്നു. ലഡാക്കിലെ ചുഷുലിനടുത്തുള്ള പാങ്കോങ്‌സോയുടെ തെക്കൻ തീരത്തിനടുത്തുള്ള ഇന്ത്യൻ പ്രദേശങ്ങളിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കടക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയിരുന്നു.
ഫിംഗർ ഏരിയ, ഗാൽവാൻ വാലി, ഹോട്ട് സ്പ്രിംഗ്സ്, കോങ്‌റംഗ് നള എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രിൽ മുതൽ സംഘർഷം നിലനിൽക്കുകയാണ്.