ബീജിംഗ് : ലഡാക്കിലെ ഗാൽവാൻ വാലിയില്‍ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള സംഘർഷത്തിന്‍റെ പിന്തുടർച്ചയെന്നോണം പ്രദേശത്തിന്‍റെ പരമാധികാരം എല്ലായ്‌പ്പോഴും തങ്ങളുടേതാണെന്ന വാദവുമായി ചൈന. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ചൈന അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.
കിഴക്കൻ ലഡാക്ക് മേഖലയിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാൻ ചൈന ശ്രമിച്ചതിന്‍റെ ഫലമായാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനക്ക് ഇരുരാജ്യങ്ങളിലെയും സൈനികർക്ക് പരിക്ക് പറ്റുന്നത് ഒഴിവാക്കാമായിരുന്നു എന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.
ചൈന-ഇന്ത്യ അതിർത്തിയിലെ സ്ഥിതികൾ നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ഇരുരാജ്യങ്ങളും പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്. കൂടാതെ അതിർത്തികളിലെ സ്ഥിതി സുസ്ഥിരവും നിയന്ത്രിക്കാവുന്നതുമാണെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.
ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി നടന്ന ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ കരസേനാംഗങ്ങൾ കൊല്ലപ്പെട്ടു. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണിത്.