ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും വാഹനാപകടം. ഹരിയാനയിൽ നിന്നും ലക്‌നൗവിലേക്ക് വരികയായിരുന്ന അതിഥി തൊഴിലാളികൾ സഞ്ചരിച്ച ലോറി അപകടത്തിൽ പെട്ട് ഒരു കുട്ടി മരിച്ചു, 12 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഫാക്‌ടറിയിൽ ജോലി ചെയ്‌തിരുന്ന 43 പേരാണ് ലോറിയിലുണ്ടായിരുന്നത്. ആഗ്ര-ലക്‌നൗ എക്സ്പ്രസ് ഹൈവേയിൽ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ലോറിയിൽ ഇടിച്ചാണ് അപകടം. സമീപവാസികൾ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ, ചൊവ്വാഴ്‌ച്ച ബസ് ലോറിയിൽ ഇടിച്ച് മൂന്ന് അതിഥി തൊഴിലാളികൾ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കൂടാതെ, ബിഹാറിലേക്ക് പുറപ്പെട്ട ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഉത്തർപ്രദേശിലെ ഖുശിനഗർ ജില്ലയിൽ മറ്റൊരു അപകടവും ഈ ആഴ്‌ച ഉണ്ടായി. ഇതിൽ 12 അതിഥി തൊഴിലാളികൾക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായി. ഇതിനു പുറമെ, യുപിയിലെ ഔരയ്യയിൽ അതിഥി തൊഴിലാളികൾ യാത്ര ചെയ്‌തിരുന്ന മിനി ലോറി അപകടത്തിൽ 23 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 20 തൊഴിലാളികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തിരുന്നു.