ഒരു ദിവസം മുതല്‍ 71 ദിവസം വരെ മാത്രം സംസ്ഥാനം ഭരിക്കാൻ അവസരം ലഭിച്ച മുഖ്യമന്ത്രിമാരുണ്ട് ഇന്ത്യയില്‍. മാറി മറിയുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ച് ഭരണ ദൈര്‍ഘ്യം കൂടിപ്പോയവരും കുറഞ്ഞുപോയവരും ഇതില്‍ ഉള്‍പ്പെടുന്നു. ചരിത്രമുള്ള കാലം വരെ ഈ മുഖ്യമന്ത്രിമാരുടെ പേരും അവര്‍ ഭരിച്ച ദിവസങ്ങളുടെ എണ്ണവും മായാതെ നില്ക്കും.
കുറഞ്ഞ കാലം മാത്രം മുഖ്യമന്ത്രി പദം അലങ്കരിക്കാൻ കഴിഞ്ഞവരുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇടം നേടിയ 'മുഖ്യമന്ത്രി'യാണ് ദേവേന്ദ്ര ഫട്നാവിസ്. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന്റെ അന്ത്യമായിരുന്നു ദേവേന്ദ്ര ഫട്നാവിസിന്റെ രാജി. സത്യപ്രതിജ്ഞ ചെയ്ത നാലാം ദിവസമാണ് ഫട്നാവിസിന്റെ രാജിപ്രഖ്യാപനം.
ഉത്തരാഖണ്ഡിൽ ദൈർഘ്യം കുറഞ്ഞ കാലയളവിൽ മുഖ്യമന്ത്രിയായ വ്യക്തിയാണ് ഹരീഷ് റാവത്ത്. 2016 ഏപ്രിൽ 21 ന് അധികാരത്തിലേറിയ റാവത്ത് ഒരു ദിവസമാണ് മുഖ്യമന്ത്രി പദം അലങ്കരിച്ചത്. 2016ഏപ്രിൽ 22ന് അദ്ദേഹം രാജിവെച്ചു.
ഉത്തർപ്രദേശില്‍ ഒരു ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് ജഗദംബിക പാൽ .1998 ഫെബ്രുവരി 21 ന് അധികാരത്തിലേറിയ ജഗദംബിക പാൽ മണിക്കൂറുകൾക്കുള്ളിലാണ് രാജി വെച്ചത്. മൂന്ന് ദിവസത്തെ കാലയളവിനുള്ളിലാണ് 2018 മെയ് 17ന് കർണ്ണാടക മുഖ്യമന്ത്രി പദത്തിലേക്ക് ബി.എസ് യെദ്യൂരപ്പ ചുമതലയേൽക്കുന്നത്. നാടകാന്ത്യം മെയ് 19ന് യെദ്യൂരപ്പയും രാജിവച്ചു.
നാലുദിവസത്തേക്ക് മാത്രം അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് നബാം തുകി. 2016 ജൂലൈ 13 ന് അധികാരത്തിലേറിയ തുകി ജൂലൈ 17ന് രാജി വെച്ചു.
അഞ്ച് ദിവസത്തെ മുഖ്യമന്ത്രി പദം അലങ്കരിച്ച ശേഷമായിരുന്നു ബിഹാർ മുഖ്യമന്ത്രി സതീഷ് പ്രസാദ് സിങ്ങിന്റെ രാജി. 1968 ജനുവരി 28ന് അധികാരത്തിലേറിയ സതീഷ് പ്രസാദ് 1968 ഫെബ്രുവരി ഒന്നിന് രാജി വെച്ചു.
ഹരിയാനയുടെ മുഖ്യമന്ത്രിയായി ആറ് ദിവസം അധികാരത്തിൽ തുടർന്ന വ്യക്തിയാണ് ഓംപ്രകാശ് ചൗട്ടാല . 1990 ജൂലൈ 12ന് അധികാരത്തിലേറിയ ചൗട്ടാല നീണ്ട രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ജൂലൈ 17ന് രാജി വെച്ചു.
ഗോവയിൽ ആറ് ദിവസത്തെ മുഖ്യമന്ത്രി പദത്തിലെത്തിയായിരുന്നു രവി എസ്. നായികിന്റെ രാജി. 1994 ഏപ്രിൽ 2ന് അധികാരത്തിലേറിയ നായിക് 1994 ഏപ്രിൽ എട്ടിനാണ് രാജിവെച്ചത്.
എട്ട് ദിവസത്തെ ഭരണം കാഴ്ച്ചവെക്കാനെ ബിഹാറിൽ 2000 മാർച്ച് 3 ന് മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിനും സാധിച്ചുള്ളു. മാർച്ച് 10ന് അദ്ദേഹം രാജിവെച്ചു.
1996 ഏപ്രിൽ 28 ന് അസമിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ ഭുമീന്ദാർ ബർമാന്‍ 23 ദിവസം മാത്രമേ മുഖ്യമന്ത്രി പദത്തിലിരിക്കാൻ കഴിഞ്ഞുള്ളൂ. 1996 ഏപ്രിൽ 22ന് അധികാരമേറ്റ അദ്ദേഹം 1996 മെയ് 14ന് രാജിവെച്ചു.
24 ദിവസത്തെ മുഖ്യമന്ത്രി പദം അവസാനിപ്പിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി ജാനകി രാമചന്ദ്രൻ പദവി ഒഴിഞ്ഞത്. 1998 ജനുവരി 7ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ അവർ 1998 ജനുവരി 30നാണ് രാജിവെച്ചത്.
32 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്നതിന് ശേഷമാണ് കേരളത്തിൽ കരുണാകരൻ രാജിവെയ്ക്കുന്നത്. 1977 മാർച്ച് 25ന് മുഖ്യമന്ത്രിയായ അദ്ദേഹം 1977 ഏപ്രിൽ 25നാണ് രാജിവെയ്ക്കുന്നത്.
1963 നവംബർ 25 ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റ പി. കെ സാവന്തിന് 9 ദിവസം മാത്രമേ മുഖ്യമന്ത്രി പദത്തിലിരിക്കാൻ കഴിഞ്ഞുള്ളൂ. 1963 ഡിസംബർ 04ന് അദ്ദേഹത്തിന് രാജി സമർപ്പിക്കേണ്ടി വന്നു.
പത്ത് ദിവസത്തെ മുഖ്യമന്ത്രി പദം അലങ്കരിച്ച ശേഷമായിരുന്നു ഝാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്റെ രാജി. 2005 മാർച്ച് 02ന് അധികാരത്തിലേറിയ ഷിബു സോറൻ 2005 മാർച്ച് 12 ന് രാജി വെച്ചു.
മണിപ്പൂരിലെ മുഖ്യമന്ത്രിയായി 11 ദിവസം അധികാരത്തിൽ തുടർന്ന വ്യക്തിയാണ് ലോങ്ജാം തമ്പോ സിംഗ്. 1967 ഒക്ടോബർ 13ന് അധികാരത്തിലേറിയ ലോങ്ജാം നീണ്ട രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ഒക്ടോബർ 24ന് രാജി സമർപ്പിച്ചു.
നാഗാലാന്റിൽ 11 ദിവസത്തെ മുഖ്യമന്ത്രി പദത്തിലിരുന്നായിരുന്നു ജോൺ ബോസ്കോ ജസോക്കിയുടെ രാജി. 1975 മാർച്ച് 10ന് അധികാരത്തിലേറിയ ജസോക്കി 1975 മാർച്ച് 20നാണ് രാജിവെച്ചത്.
12 ദിവസത്തെ ഭരണം കാഴ്ച്ചവെക്കാനെ മേഘാലയയിൽ 1998 ഫെബ്രുവരി 27 ന് മുഖ്യമന്ത്രിയായി അധികാരമേറ്റ എസ്. സി മരകിനും സാധിച്ചുള്ളു. മാർച്ച് 10ന് അദ്ദേഹം രാജിവെച്ചു.
1969 ജൂൺ 22ന് ബിഹാറിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ ഭോല പസ്വാൻ ശാസ്ത്രിക്ക് 13 ദിവസം മാത്രമേ മുഖ്യമന്ത്രി പദത്തിലിരിക്കാൻ കഴിഞ്ഞുള്ളൂ. 1969 ജൂലൈ 04ന് അദ്ദേഹം രാജി സമർപ്പിച്ചു.
13 ദിവസത്തെ മുഖ്യമന്ത്രി പദം അവസാനിപ്പിച്ചാണ് മധ്യപ്രദേശ് മുഖ്യമന്ത്രി രാജ നരേശ് ചന്ദ്ര സിംഗ് പദവി ഒഴിഞ്ഞത്. 1969 മാർച്ച് 13 ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം മാർച്ച് 25നാണ് രാജിവെച്ചത്.
14 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്നതിന് ശേഷമാണ് സിക്കിമിൽ ബി. ബി ഗുരുങ് രാജിവെയ്ക്കുന്നത്. 1984 മെയ് 11ന് മുഖ്യമന്ത്രിയായ അദ്ദേഹം മെയ് 25നാണ് രാജിവെയ്ക്കുന്നത്.
18 ദിവസം ഗോവയിൽ മുഖ്യമന്ത്രി പദം അലങ്കരിച്ച ചർച്ചിൽ അലേമാവോ 1990 മാർച്ച് 27നാണ് അധികാരത്തിലെത്തിയത്. ഏപ്രിൽ 14ന് സ്ഥാനമൊഴിയുകയും ചെയ്തു.
1967 മാർച്ച് 14 ന് ഉത്തർപ്രദേശിൽ മുഖ്യമന്ത്രി പദത്തിലെത്തിയ വ്യക്തിയാണ് ചന്ദ്രഭാനു ഗുപ്ത. 19 ദിവസം മാത്രം അധികാരത്തിൽ തുടർന്ന് ഗുപ്ത ഏപ്രിൽ 2ന് സ്ഥാനമൊഴിഞ്ഞു.
മധ്യപ്രദേശിൽ 29 ദിവസം മുഖ്യമന്ത്രിയായി പദവി അലങ്കരിച്ച വ്യക്തിയാണ് സുന്ദർലാൽ പത്വ. 1980 ജനുവരി 20 ന് സ്ഥാനമേറ്റ പത്വ ഫെബ്രുവരി 17 ന് രാജി സമർപ്പിച്ചു.
മേഘാലയ മുഖ്യമന്ത്രയായിരുന്ന ബി. ബി ലിങ്ദോയും ഗോവ മുഖ്യമന്ത്രിയായിരുന്ന പ്രതാപ് സിങ് റാണയും മധ്യപ്രദേശ് മുഖ്യമന്ത്രയായിരുന്ന ഭഗ്വന്ത്രോ മണ്ഡ്ലോയും 30 ദിവസങ്ങൾ വീതമാണ് മുഖ്യമന്ത്രിയായത്. 1983 മാർച്ച് 2 ന് സ്ഥാനമേറ്റ ലപാങ് മാർച്ച് 31 അധികാരമൊഴിഞ്ഞു. 2005 ഫെബ്രുവരി 2 ന് പദവിയിലെത്തിയ പ്രതാപ് സിങ് റാണ മാർച്ച് 4 ന് സ്ഥാനമൊഴിഞ്ഞു. ഭഗ്വന്ത്രോ മണ്ഡ്ലോയ് 1957 ജനുവരി 01 ന് മുഖ്യമന്ത്രിയാവുകയും ജനുവരി 30ന് സ്ഥാനഭ്രഷ്ടനാവുകയും ചെയ്തു.
കൃത്യം ഒരു മാസം മുഖ്യമന്ത്രിയായിരുന്ന രണ്ട് നേതാക്കളാണ് ബിന്ദേശ്വർ പ്രസാദ് മണ്ഡലും നദേണ്ഡ്ല ഭാസ്കര റാവുവും. 1968 ഫെബ്രുവരി 1 ന് ബിഹാറിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബിന്ദേശ്വർ പ്രസാദ് മാർച്ച് 2 ന് സ്ഥാനമൊഴിഞ്ഞു. ആന്ധ്രാപ്രദേശിൽ 1984 ഓഗസ്റ്റ് 16നാണ് നദേണ്ഡ്ല മുഖ്യമന്ത്രിയായത്. പിന്നീട് സെപ്റ്റംബർ 16 പദവിയൊഴിയുകയും ചെയ്തു.
അരുണാചൽ പ്രദേശിൽ 47 ദിവസത്തേക്ക് മുഖ്യമന്ത്രിയായ നേതാവാണ് ടോമോ റിബ. 1979 സംപ്റ്റംബർ 18 ന് സ്ഥാനമേറ്റ അദ്ദേഹം നവംബർ 3ന് രാജി വച്ചു.
ഡൽഹിയിൽ 48 ദിവസം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയാണ് അരവിന്ദ് കെജ്രിവാൾ. 2013 ഡിസംബർ 28 അധികാരത്തിലെത്തിയ അദ്ദേഹം 2014 ഫെബ്രുവരി 14 ന് രാജി സമർപ്പിച്ചു.
51 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്നതിന് ശേഷമാണ് കേരളത്തിൽ സി. എച്ച് മുഹമ്മദ് കോയ രാജിവെക്കുന്നത്. 1979 ഒക്ടോബർ 12ന് മുഖ്യമന്ത്രിയായ അദ്ദേഹം 1979 ഡിസംബർ 01ന് രാജിവെച്ചു.
2016 ജൂലൈ 17 ന് അരുണാചൽ പ്രദേശിൽ മുഖ്യമന്ത്രി പദത്തിലെത്തിയ വ്യക്തിയാണ് പേമ ഖണ്ഡു. 62 ദിവസം അധികാരത്തിൽ തുടർന്ന് പേമ സെപ്റ്റംബർ 16ന് സ്ഥാനമൊഴിഞ്ഞു.
71 ദിവസത്തേക്ക് മുഖ്യമന്ത്രിയായി അദികാരത്തിലിരുന്ന നേതാവാണ് തമിഴ്നാട്ടിലെ ഒ. പനീർസെൽവം. 2016 ഡിസംബർ 6 ന് ചുമതലയേറ്റ പനീർസെൽവം 2017 ഫെബ്രുവരി 14ന് രാജി സമർപ്പിക്കുകയാണ് ചെയ്തത്.
മേഘാലയ മുഖ്യമന്ത്രിയായിരുന്ന ഡി. ഡി ലപാങും രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന ഹിരാ ലാൽ ദേവ്പുരയും 16 ദിവസങ്ങൾ വീതമാണ് മുഖ്യമന്ത്രി പദം അലങ്കരിച്ചത്. 2008 മാർച്ച് 4ന് മേഘാലയയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ഡി. ഡി ലപാങ് മാർച്ച് 19 ന് രാജി വച്ചു. 1985 ഫെബ്രുവരി 23 ന് രാജസ്ഥാൻ മുഖ്യമന്ത്രിയായ ഹിരാ ലാൽ ദേവ്പുര മാർച്ച് 10 നും രാജി സമർപ്പിക്കുകയായിരുന്നു.