ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് കേന്ദ്രസർക്കാർ 'സെഡ് പ്ലസ്' സുരക്ഷ നൽകി. വധ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ബോബ്ഡെയ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ ആഭ്യന്തര മന്ത്രാലയം സിആർപിഎഫിന് നിർദേശം നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന് നേരത്തെ 'ഇസഡ്' കാറ്റഗറി സുരക്ഷയാണ് നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ 'ഇസെഡ് പ്ലസ്' ആയി ഉയർത്തിയത്.
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെ (സിആർപിഎഫ്) ഇസഡ്-പ്ലസ് സുരക്ഷാ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനമാണ്.
ആരാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ?
- 1956 ഏപ്രിൽ 24ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച ജസ്റ്റിസ് ബോബ്ഡെ മഹാരാഷ്ട്ര മുൻ അഡ്വക്കേറ്റ് ജനറലായ അരവിന്ദ് ബോബ്ഡെയുടെ മകനാണ്.
- നാഗ്പൂർ സർവകലാശാലയിൽ നിന്ന് ബിരുദവും എൽഎൽബിയും പൂർത്തിയാക്കിയ അദ്ദേഹം 1978ൽ മഹാരാഷ്ട്ര ബാർ കൗൺസിലില്‍ അഭിഭാഷകനായി ചേർന്നു.
- ജസ്റ്റിസ് ബോബ്ഡെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിൽ നിയമിതനായി.
- 1998 ൽ മുതിർന്ന അഭിഭാഷകനായി അദ്ദേഹത്തെ നിയമിച്ചു.
- ജസ്റ്റിസ് ബോബ്ഡെയെ ബോംബെ ഹൈക്കോടതിയിലേക്ക് 2000 മാർച്ച് 29ന് അഡീഷണൽ ജഡ്ജിയായി ഉയർത്തുകയും 2012 ഒക്ടോബർ 16ന് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
- 2013 ഏപ്രിൽ 12 ന് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു.
- ജസ്റ്റിസ് ബോബ്ഡെ 2019 നവംബർ 18ന് സിജെഐ ആയി സത്യപ്രതിജ്ഞ ചെയ്തു.