ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെയും ജമ്മുകശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുല്ലയെയും പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഫാറൂഖ് അബ്‌ദുല്ല മൂന്ന് മാസമായി വീട്ടുതടങ്കലില്‍ കഴിയുകയാണ്. അദ്ദേഹം സര്‍ക്കാരിനെതിരായി ഒന്നും ചെയ്‌തിട്ടില്ല, അദ്ദേഹത്തിന്‍റെ പേരില്‍ യാതൊരുവിധ കേസുകളും നിലനില്‍ക്കുന്നില്ല. പക്ഷേ എന്നിട്ടും അദ്ദേഹം വീട്ടുതടങ്കലിലാണ്. അദ്ദേഹത്തെയും പി ചിദംബരത്തെയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിമാര്‍ക്കെതിരെ കേസുകൾ നിലനില്‍ക്കുമ്പോഴും അവരെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുമ്പ് അനുവദിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുത്ത സര്‍ക്കാര്‍ പോലും കശ്‌മീരില്‍ ഇല്ലാത്തത് ദുഃഖകരമാണ്. ശീതകാലസമ്മേളനത്തില്‍ കശ്‌മീര്‍ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും ഗുലാം നബി ആസാദ് അറിയിച്ചു. സമ്പദ്‌വ്യവസ്ഥ, തൊഴിലില്ലായ്‌മ, കാർഷിക പ്രതിസന്ധി, കശ്‌മീര്‍ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളൊന്നും ലോക്‌സഭയിലോ രാജ്യസഭയിലോ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാറില്ല. പ്രതിപക്ഷം ഇത്തരം വിഷയങ്ങൾ ഉന്നയിക്കുമ്പോൾ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.