റായ്പൂര്‍: ചത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ ഒരു വനത്തിലെ പൊലീസ് ക്യാമ്പിൽ കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നക്സലുകള്‍ വെടിയുതിര്‍ത്തു. സംഭവത്തില്‍ ചത്തീസ്ഗഡ് സായുധ സേന ജവാൻ കൊല്ലപ്പെട്ടു. സായുധ സേനയുടെ 22 ആം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ബക്ഡെയാണ് കൊല്ലപ്പെട്ടത്. രാവിലെ 8.30 ഓടെയാണ് ഛോട്ടെ ഡോങ്കർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കഡെമ ക്യാമ്പിന് നേരെ ആക്രമണം ഉണ്ടായതെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പി.സുന്ദരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ക്യാമ്പിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് രണ്ട് നക്സലുകൾ വെടിയുതിർത്തശേഷം വനത്തിലേക്ക് രക്ഷപ്പെട്ടുവെന്ന് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താന്‍ പ്രദേശത്ത് തിരിച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.