റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ ദന്തേവാഡ ജില്ലയിൽ നിന്ന് നാല് നക്‌സൽ ഐഇഡികളും പെട്രോൾ ബോംബുകളും കണ്ടെടുത്തു. വിദൂര നിയന്ത്രിത സ്ഫോടനങ്ങൾ സാധ്യമാക്കുന്ന ബാറ്ററി-ആന്‍റിന കോൺഫിഗറേഷനോടു കൂടിയ ഐഇഡികളാണ്( ഇംപ്രൊവൈസ്‌ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) കണ്ടെടുത്തത്.
ഇവിടെ നിന്ന് 340 കിലോമീറ്റർ അകലെയുള്ള ബസ്‌തർ മേഖലയിലെ സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് മാവോയിസ്റ്റുകൾ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. റോഡ് നിർമാണ പദ്ധതിക്ക് സംരക്ഷണം നൽകുന്നതിനായി സുരക്ഷാ സേനയുടെ സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. ബർസൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബോഡ്‌ലി, മാലേവാഹി ഗ്രാമങ്ങൾക്കിടയിലെ പ്രദേശത്ത് നിന്നാണ് ഇവ കണ്ടെത്തിയതെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. വൻ നാശനഷ്‌ടമുണ്ടായേക്കാവുന്ന നിരവധി പെട്രോൾ ബോംബുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. സ്‌ഫോടക വസ്‌തുക്കൾ ബോംബ് നിർമാർജന സ്‌ക്വാഡ് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.