റായ്‌പൂർ: ലോക്ക് ഡൗൺ ലംഘന പിഴ തുക ജനങ്ങളുടെ ആരോഗ്യ ആവശ്യത്തിന് വിനിയോഗിക്കാൻ ഛത്തീസ്‌ഗഢ് ബലോഡാബസാർ ജില്ലാ കലക്ടർ കാർത്തികേയ ഗോയൽ ഉത്തരവിട്ടു. ഇത്തരത്തിൽ ലഭിക്കുന്ന പിഴതുക പിപിഇ കിറ്റുകൾ വാങ്ങുന്നത് ഉപയോഗിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
സാധാരണയായി പിഴ ഈടാക്കി ലഭിക്കുന്ന തുക ബന്ധപ്പെട്ട വകുപ്പാണ് വിനിയോഗിക്കുന്നത്. കൊവിഡ് -19 നെതിരായ പോരാട്ടം കണക്കിലെടുത്ത്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), മാസ്കുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതുൾപ്പെടെ ആരോഗ്യ ആവശ്യങ്ങൾക്കായി മാത്രം തുക ചെലവഴിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളിലെ രോഗികൾക്കായും ഈ പണം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെയ് എട്ടിന് ശേഷം പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർ, ഉത്തരവുകൾ ലംഘിക്കുന്നവർ എന്നിവരിൽ നിന്ന് പ്രാദേശിക സിവിൽ ബോഡി, റവന്യൂ, പൊലീസ് എന്നിവവരുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകൾ മൂന്ന് ലക്ഷത്തോളം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ജീവൻ ദീപ് സമിതിയുടെ പേരിൽ ചലാൻ രസീത് നൽകാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ പിഴ തുക നേരിട്ട് അതത് അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയും. ജില്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സമിതിയാണ് ജീവൻ ദീപ് സമിതി.
കലക്ടർ സമിതിയുടെ ചെയർമാനും ബ്ലോക്ക്‌മെഡിക്കൽ ഓഫീസർ അതിൻ്റെ സെക്രട്ടറിയുമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഫണ്ട് ഏകീകരിക്കുന്നത് സമിതിയുടെ പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു