റായ്‌പൂർ: ഛത്തീസ്‌ഗഡിൽ ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 60 പൊലീസുകാർ ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂർ നഗരത്തിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
കർണാടകയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരച്ചതോടെ പൊലീസ് സ്റ്റേഷൻ അടച്ചു. ക്വാറന്‍റൈനിൽ പ്രവേശിച്ച എല്ലാ പൊലീസുകാരുടെയും കൈലേസിന്‍റെ സാമ്പിളുകൾ പരിശോധനക്കയച്ചതായും ബിലാസ്‌പൂർ പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു.
കഴിഞ്ഞ മാസം ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള നാല് പൊലീസുകാരുടെ സംഘം മൈസൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഭാഭാ ആറ്റോമിക് റിസർച്ച് സെന്‍ററിന്‍റെ മൈസൂർ യൂണിറ്റിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പ്രതിയെ ജൂലൈ നാലിനാണ് ബിലാസ്‌പൂരിൽ എത്തിച്ചത്. ഇയാളെ ജുഡീഷ്യൽ റിമാൻഡിലാണ് അയച്ചതെന്നും റിപ്പോർട്ടുകൾ പോസിറ്റീവ് ആയതിനെ തുടർന്ന് ജയിൽ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.