റാഫേൽ ഇടപാട് വിവാദത്തിൽ കേന്ദ്രം വീണ്ടും പ്രതികൂട്ടിലാകുന്നു. ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ചയും ഫ്രഞ്ച് സർക്കാർ ഇടപാടിന് ഗ്യാരന്റി നൽകുന്നില്ലെന്ന കാര്യവും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചില്ലെന്നതാണ് പുതിയ വിവരം. കരാർ ചർച്ചകളുടെ ഉത്തരവാദിത്തം പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏഴംഗ സംഘത്തിനാണെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. ഇതോടെ റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന സമാന്തര ചര്‍ച്ചയെക്കുറിച്ചുളള വിവരം ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് സമാന്തര ചര്‍ച്ചയുടെ വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചില്ലെന്ന കാര്യവും പുറത്തുവരുന്നത്. ഫ്രഞ്ച് സര്‍ക്കാര്‍ ഇടപാടിന് സോവറിന്‍ ഗ്യാരന്റി നൽകുന്നില്ലെന്ന കാര്യവും അറിയിച്ചത് സമാന്തര ചര്‍ച്ചയിലാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഏഴംഗ സംഘം നടത്തിയ ചര്‍ച്ചയില്‍ സോവറിന്‍ ഗ്യാരന്‍റി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെ സോവറിൻ ഗ്യാരന്‍റി നിലവിലില്ലെന്നും അത് കോടതിയെ അറിയിച്ചിട്ടുമില്ലെന്നുമുളള വിവരങ്ങൾ പുറത്തുവന്നു.
പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. മോദിക്ക് കാവൽക്കാരന്‍റെയും കള്ളന്‍റെയും മുഖമാണെന്ന് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 30000 കോടി രൂപയുടെ ഇടപാട് സുഹൃത്ത് അനിൽ അംബാനിയ്ക്ക് നൽകിയെന്ന് തെളിഞ്ഞതായും രാഹുൽ ആരോപിച്ചിരുന്നു.