ലോകസഭാ തെരെഞ്ഞെടുപ്പിൽ രാജ്യം ഉറ്റു നോക്കുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ബീഹാറിലെ ബെഗുസറായി. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല മുൻ വിദ്യാർഥി യൂണിയൻ നേതാവ് കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വമാണ് മണ്ഡലത്തെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്. കോൺഗ്രസും ആർജെഡിയും ഉൾപ്പെട്ട മഹാസഖ്യം ഇടതു പക്ഷത്തിനു സീറ്റ് നിഷേധിച്ചെങ്കിലും കനയ്യ കുമാർ മത്സരിക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാകും ബെഗുസറായി വേദിയാവുകയെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.
വിദ്യാർഥി നേതാവിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക്..
2016 ഫെബ്രുവരിയിൽ ജെ എൻ യു സർവകലാശാലയിൽ നടന്ന അഫ്സൽ ഗുരു അനുസ്മരണവും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് കനയ്യ കുമാർ എന്ന യുവനേതാവിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്. അന്ന് സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കൂടി ആയിരുന്ന കനയ്യ രാജ്യദ്രോഹ മുദ്രവാക്യം വിളിച്ചുവെന്ന ആരോപണമുയർന്നു. കനയ്യ ഉൾപ്പെടെയുള്ള നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ആരോപണം തെറ്റാണെന്നും സംഘപരിവാർ സംഘടനകളുടെ ആസൂത്രണമാണിതെന്നും ഉയർത്തി രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടന്നു. തീഹാർ ജയിലിലായ കനയ്യക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയ ശേഷം ജെ എൻ യു ക്യാമ്പസിൽ നടത്തിയ സ്വാതന്ത്രത്തെ കുറിച്ചുള്ള പ്രസംഗത്തോടെ കനയ്യ കുമാർ എന്ന നേതാവിന്റെ ഉദയമായിരുന്നു.
മഹാസഖ്യത്തിന്‍റെ സീറ്റ് നിഷേധം അപ്രതീക്ഷിതം…..
നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന കനയ്യയെ ലോക്‌സഭയിലേക്ക് മത്സാരിപ്പിക്കുമെന്ന കാര്യം മുമ്പ് തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു. പ്രതിപക്ഷ സഖ്യം സംഘടിപ്പിക്കുന്ന പരിപാടികളിലെല്ലാം കനയ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ജന്മനാടായ ബെഗുസറായിയിൽ നിന്ന് ജനവിധി തേടണമെന്ന ആഗ്രഹം കനയ്യയും പ്രകടിപ്പിച്ചു. ബെഗുസറായിയിൽ മാത്രം സീറ്റ് നൽകിയാൽ സംസ്ഥാനത്തെ മാറ്റിടങ്ങളിലെല്ലാം മഹാസഖ്യത്തെ പിന്തുണക്കാൻ ഇടതുപക്ഷത്തിലും ധാരണ ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് ബീഹാറിലെ മഹാസഖ്യത്തിൽ നിന്നും കനയ്യക്കു സീറ്റ് നിഷേധിച്ചത്. സീറ്റു നൽകുന്നതിന് കോണ്‍ഗ്രസ് അനുകൂലമായിരുന്നുവെങ്കിലും തേജസ്വി യാദവിന്റെ ആർ ജെ ഡി യുടെ എതിർപ്പാണ് തീരുമാനത്തിന് പിന്നിൽ. ഭൂമിയാർ വിഭാഗത്തിൽ പെടുന്ന കനയ്യക്കു സീറ്റ് നൽകുന്നത് ഉചിതമാകില്ലെന്നായിരുന്നു ആർ ജെ ഡി നിലപാട്.
ബെഗുസറായിയിൽ ചെങ്കൊടി പാറുമോ..
ബീഹാറിലെ ഒട്ടുമിക്ക എല്ലാ പാർട്ടികൾക്കും അവസരം നൽകിയ ചരിത്രമാണ് ബെഗുസാറായിക്കുള്ളത്. 1967 ൽ കമ്മ്യൂണിസ്റ്റു പാർട്ടി യിൽ നിന്നും യോഗേന്ദ്ര ശർമ്മയും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഭോല സിംഗിലൂടെ ആദ്യമായി ബിജെപിയും മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറി. അസുഖത്തെ തുടർന്ന് അടുത്തിടെ അദ്ദേഹം മരിച്ച ശേഷം തെരെഞ്ഞെടുപ്പ് നടന്നിട്ടില്ല. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനെയാണ് ബിജെപി ഇത്തവണ ബെഗുസാറായിയിൽ രംഗത്തിറക്കിയിരിക്കുന്നത്. നവാദ മണ്ഡലത്തിൽ നിന്നുള്ള എംപി ആയ ഗിരിരാജ് സിംങ് മണ്ഡല മാറ്റത്തിലുള്ള അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. മഹാസഖ്യത്തിൽ ആർജെഡി ക്കാണ് മണ്ഡലം നൽകിയിരിക്കുന്നത്. എന്നാൽ ആര് മത്സരിക്കുമെന്നതിൽ തീരുമാനമായിട്ടില്ല. എന്തു തന്നെയായാലും ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തിൽ കളമൊരുങ്ങുന്നത്
ഇടതു പക്ഷത്തിന് ഇപ്പോഴും നല്ല വേരോട്ടമുണ്ട് മണ്ഡലത്തിൽ. മോദി തരംഗമുണ്ടായ 2014 ലെ തെരഞ്ഞെടുപ്പിലും 17 ശതമാനം വോട്ട് ഇവിടെ ഇടതു പക്ഷത്തിനു ലഭിച്ചിരുന്നു. ഭൂമിയാർ വിഭാഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനവും കനയ്യക്ക് ഗുണകരമാണ്. ജനിച്ചു വളർന്ന നാട് എന്ന നിലയിൽ മണ്ഡലവുമായി കനയ്യക്കുള്ള അടുപ്പവും വോട്ടായി മാറുമെന്ന് ഇടതു പക്ഷം കണക്ക് കൂടുന്നു. തന്റെ പോരാട്ടം ബിജെപി ക്കെതിരെയാണെന്നാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കനയ്യ ആവർത്തിച്ചത്. എന്നാൽ ആർജെഡി സ്ഥാനാർഥി കൂടി എത്തുന്നതോടെ ബിജെപി വിരുദ്ധ വോട്ടുകൾ വിഘടിക്കില്ലേ എന്ന ചോദ്യം അവശേഷിക്കുന്നു. തെരെഞ്ഞെടുപ്പ് ഗോദയിൽ കന്നിക്കാരനായ കനയ്യക്കു മികച്ച പിന്തുണ ലഭിക്കുന്നുവെന്നാണ് റിപ്പോർട്ട്. പ്രചാരണത്തിന് പണം കണ്ടെത്താനായുള്ള ക്രൗഡ് ഫണ്ടിങ്ങിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഒരു രൂപ വരെ സംഭാവനയായി നൽകാമെന്നതാണ് ഇതിന്‍റെ സവിശേഷത. 25 ലക്ഷത്തിലധികം ഇതിനോടകം തന്നെ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചു കഴിഞ്ഞു. വെല്ലുവിളികളെ മറികടന്ന് കനയ്യ ബീഹാറിൽ ചെങ്കൊടി ഉയർത്തുമോ എന്നറിയാൻ മെയ് 23 വരെ കാത്തിരിക്കാം