ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെ സംബന്ധിച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി. റാഫേല്‍ ഇടപാട് സംബന്ധിച്ച് നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉള്‍പ്പടെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തിയെന്നും പാര്‍ട്ടി മാപ്പ് പറയണമെന്നും ബിജെപി നേതാവ് ഭൂപേന്ദർ യാദവ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗല്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഡിസംബര്‍ പതിനാലിന് റാഫേല്‍ ഇടപാട് സംബന്ധിച്ച് നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ തള്ളിയത്.