ന്യൂഡൽഹി: ഗായകൻ അദ്‌നാൻ സാമിക്ക് പത്മശ്രീ നൽകാനുള്ള മോദി സർക്കാരിന്‍റെ തീരുമാനത്തെ എതിർത്ത പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് ബിജെപി. നരേന്ദ്ര മോദിക്ക് എതിരായ മുസ്ലീം ന്യൂനപക്ഷത്തെ മാത്രമേ പ്രതിപക്ഷ പാർട്ടികൾ പിന്തുണക്കൂവെന്നും ബിജെപി ആരോപിച്ചു.
അദ്നാൻ സാമിയുടെ പിതാവ് പാകിസ്ഥാൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ഇതിന്‍റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ പിതാവിന് ഇറ്റാലിയൻ സ്വേച്ഛാധിപതി മുസ്സോളിനിയുമായും ജർമ്മനിയുടെ ഹിറ്റ്‌ലറുമായും ബന്ധമുണ്ടെന്ന് ആരോപണങ്ങളുണ്ട്. എന്നിട്ട് എന്ത്കൊണ്ട് അവർക്ക് പൗരത്വം നിഷേധിക്കുന്നില്ലായെന്നും പത്ര ചോദിച്ചു. സാമി പത്‌മ ബഹുമതിക്ക് അങ്ങേയറ്റം അർഹനാണെന്നും പത്ര പറഞ്ഞു.
അദ്നാൻ സാമിയുടെ അമ്മ നൗറീൻ ഖാൻ ജമ്മു നിവാസിയാണ്. ഈ പ്രദേശത്തെ മുസ്ലിം സ്ത്രീകളെ പാർട്ടി ബഹുമാനിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.