മുംബൈ: മഹാരാഷ്ട്രയിലെ പൊവയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ വൃദ്ധന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി. ഞായറാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് പരശുരാം ജാധവ് എന്ന 75 വയസുകാരന്‍ എംഎംആര്‍ഡിഎ നിരീക്ഷണ കേന്ദ്രത്തില്‍ വച്ച് മരിക്കുന്നത്. ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നും അദ്ദേഹത്തിന് നീതി ഉറപ്പാക്കണമെന്നും ബിജെപി സംസ്ഥാന ഘടകം വൈസ്- പ്രസിഡന്‍റ് കിരിത് സോമയ്യ ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് നല്‍കിയ കത്തില്‍ പറഞ്ഞു.
നിരീക്ഷണ കേന്ദ്രത്തില്‍ കഴിയവേ കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും ആശുപത്രി അധികൃതര്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെന്നും കോര്‍പ്പറേഷന്‍ നടപടിയെടുക്കുന്നത് വൈകിപ്പിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച നഗരമായ മുംബൈയില്‍ 1,34,453 പേരാണ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നത്.