ഹൈദരാബാദ്: ഭയീന്‍സയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ തെലങ്കാന യൂണിറ്റ് ആവശ്യപ്പെട്ടു. ഭയീന്‍സയില്‍ ഏതാനുംപേര്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം. പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നതായി ബി.ജെ.പി വക്താവ് കെ കൃഷ്ണറാവു പറഞ്ഞു. അക്രമം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും പൊലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരു പത്രക്കുറിപ്പ് ഇറക്കാന്‍ വരെ പൊലീസ് തയ്യാറായില്ലെന്നും ബി.ജെ.പി ആരോപിച്ചു.
ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ നിരുത്തരവാദിത്വമാണ് ഇത് കാണിക്കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. മുതിര്‍ന്ന പൊലീസ് ഉദ്യേഗസ്ഥരെ അക്രമിച്ചിട്ട് പൊലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല അക്രമം നടക്കുമ്പോള്‍ പൊലീസ് നടപടിയുണ്ടായില്ലെന്നും ഇത് പക്ഷപാതപരമായ നിലപാടാണെന്നും ബി.ജെ.പി വക്താവ് പ്രതികരിച്ചു. പൊലീസിന്‍റെ കൈ സര്‍ക്കാര്‍ കെട്ടിയിട്ടിരിക്കുകയാണെന്നും ബി.ജെ.പി വക്താവ് ആരോപിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. 12ാം തിയതിമുതലാണ് പ്രദേശത്ത് അക്രമം പൊട്ടിപുറപ്പെട്ടത്. അക്രമത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. 13 വീടുകൾക്കും 26 വാഹനങ്ങൾക്കും തീയിട്ടിരുന്നു.