മുംബൈ: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മറാത്തി ഭാഷ നിർബന്ധമാക്കുന്ന ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ പറഞ്ഞു. ഐബി, ഐസിഎസ്ഇ, സിബിഎസ്ഇ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ ബോർഡുകളുമായി ചർച്ച നടത്തി, പരസ്പര ധാരണയിലൂടെയാണ് തീരുമാനം എടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്‌വാഡ് അറിയിച്ചു.ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മറാത്തി ഭാഷ നിർബന്ധമാക്കാനാണ് നിർദ്ദിഷ്ട ബില്ലിലൂടെ ശ്രമിക്കുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ പ്രാദേശിക ഭാഷകൾ പഠിപ്പിക്കുന്ന രീതിയും സർക്കാർ അവലോകനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറാത്തി ഭാഷ നിർബന്ധമാക്കുന്നതിന്‍റെ ആവശ്യകതയെ ശിവസേന എംഎൽഎ ഭാസ്‌കർ ജാദവ് ചോദ്യം ചെയ്തു. സംസ്ഥാന സർക്കാരിന്‍റെ നിലപാടിനെക്കുറിച്ച് മന്ത്രി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്കൂളുകളിൽ മറാത്തി ഭാഷ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചതാണെന്ന് മന്ത്രി മറുപടി നൽകി.