പട്‌ന: മുസാഫർപൂരിൽ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (എഇഎസ്) ബാധിച്ച കുട്ടി മരിച്ചു. രോഗബാധയെ തുടർന്ന് ഏപ്രിൽ 26 നാണ് കുട്ടിയെ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുസാഫർപൂർ, സീതമാടി, മോതിഹാരി, വൈശാലി എന്നിവിടങ്ങളിൽ നിന്ന് പതിനാല് എ.ഇ.എസ് കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് കുട്ടികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്.
എ.ഇ.എസ് സംബന്ധിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള നടപടികൾ ഭരണകൂടം സ്വീകരിക്കുന്നുണ്ട്. പൂർണ്ണമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്, ഭാരവാഹികൾ രോഗബാധയുള്ള 320 ഗ്രാമങ്ങളെ കണ്ടെത്തി ദത്തെടുത്തു. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ പട്ടികയും തയ്യാറാക്കുന്നുണ്ടെന്നും കുട്ടികൾക്ക് ശരിയായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ജില്ലാ ഓഫീസർ ഡോ. ചന്ദ്രശേഖർ സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നൂറിലധികം പേർക്ക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് രോഗം തടയുന്നതിനായി സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി നിതീഷ് കുമാർ അവലോകനം ചെയ്തു.