പട്‌ന: സംസ്ഥാന സർക്കാർ കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയമാണെന്നും കൊവിഡ് പരിശോധന കൃത്യമായി നടത്തിയില്ലെങ്കിൽ ബിഹാർ കൊവിഡ് “ആഗോള ഹോട്ട്‌സ്‌പോട്ട്” ആയി മാറുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. രാജ്യത്ത് കുറവ് കൊവിഡ് പരിശോധന നടക്കുന്ന സംസ്ഥാനമാണ് ബിഹാർ. കൊവിഡ് കണക്കുകളിൽ സർക്കാർ സുതാര്യത കാണിക്കണം. ഒരു ദിവസത്തെ പരിശോധനാഫലമാണ് രണ്ട് ദിവസം കൊണ്ട് പ്രഖ്യാപിക്കുന്നതെന്നും കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ മൂന്നംഗ സംഘത്തെ കേന്ദ്ര സർക്കാർ സംസ്ഥാനത്തേക്ക് അയക്കുന്നുണ്ടെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആശങ്കാജനകമായ രീതിയിലാണ് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്. ദിനം പ്രതി 30,000-35,000 കൊവിഡ് പരിശോധന നടത്തിയാൽ 4,000-5,000 രോഗികളെ കണ്ടെത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ കൊവിഡ് രോഗികൾ വർധിച്ചാൽ ദേശിയ ഹോട്ട്സ്പോട്ട് എന്നതിനോടൊപ്പം ആഗോള ഹോട്ട്‌സ്പോട്ടായും ബിഹാർ മാറുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പരിശോധന വർധിപ്പിക്കാൻ ആർജെഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലോക്ക് ഡൗൺ കൊവിഡിനെ നേരിടാനായി തയ്യാറെടുപ്പിനുള്ള സമയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.