പട്‌ന: ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവ ലാല്‍ ചൗധരി രാജിവെച്ചു. അഴിമതിയാരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തിന്‍റെ രാജി. ജെഡിയു നേതാവായ ചൗധരി ഭഗല്‍പൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കെ ചട്ടവിരുദ്ധമായി നിയമനം നടത്തിയെന്ന ആരോപണം നേരിട്ടിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമായിരുന്നു മേവ ലാല്‍ ചൗധരിയുടെ രാജി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ പ്രകാരം മേവ ലാലിന്‍റെ രാജി സ്വീകരിച്ചെന്ന് രാജ് ഭവന്‍ വിജ്ഞാപനത്തില്‍ പറയുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചൗധരിക്കാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. അഴിമതി ആരോപണമേറ്റ ഒരാളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ചു. വിമര്‍ശനങ്ങള്‍ക്കിടയിലും മനപൂര്‍വം അഴിമതിക്കാരനെ മന്ത്രിയാക്കിയെന്നും നിങ്ങള്‍ തന്നെയാണ് കുറ്റക്കാരനെന്നും തേജസ്വി യാദവ് നിതീഷ് കുമാറിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്‌തു.