ന്യൂഡൽഹി: ഡൽഹി സംഘർഷത്തിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നൽകിയ അടിയന്തര ഹർജി കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. പൊലീസിന്‍റെ കേസന്വേഷണവും ക്രമസമാധാന ചുമതലയും വേർതിരിച്ച് കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷൺ ഹർജി സമർപ്പിച്ചത്. കേസന്വേഷണത്തിനായി വ്യത്യസ്‌ത വിഭാഗങ്ങളെ നിയമിക്കണെന്നും വിഷയത്തിൽ ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജിയിൽ പറയുന്നു.
2006ലെ പ്രകാശ് സിംഗ് വിധിന്യായത്തിൽ ഉണ്ടായ സമാന ശുപാർശയും പ്രശാന്ത് ഭൂഷൺ ഉദ്ധരിച്ചു. എന്നാൽ ശബരിമല വിഷയത്തിൽ വാദം പൂർത്തിയായതിന് ശേഷമേ ഭൂഷൺ സമർപ്പിച്ച അടിയന്തര ഹർജിയിൽ വാദം കേൾക്കൂവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ, ജസ്റ്റിസ് ബി.ആർ ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഡൽഹിയിൽ എന്താണ് നടക്കുന്നതെന്ന് കാണൂ. പൊലീസുകാർ തന്നെ കലാപകാരികളാകുന്ന കാഴ്‌ചയാണെന്നും ബെഞ്ചിന് മുമ്പാകെ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെ നീതിയുക്തമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം ചോദിച്ചു.