ന്യൂഡൽഹി: 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് അധിക തുക ആവശ്യപ്പെട്ട് സമര്‍പിച്ച കേന്ദ്രത്തിന്‍റെ ഹർജിയിൽ വാദം ഇന്ന്. യുഎസ് ആസ്ഥാനമായുള്ള യൂണിയൻ കാർബൈഡ് കോർപ്പറേഷന്‍റെ പിൻഗാമികളായ സ്ഥാപനങ്ങളിൽ നിന്ന് 7,844 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്ജിമാരുടെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വാദം കേൾക്കുന്നതിൽ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന് അസൗകര്യം പ്രകടിപ്പിച്ചിരുന്നു. നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനായി കേന്ദ്രം 2010 ഡിസംബറിലാണ് സുപ്രീംകോടതിയിൽ പ്രതിരോധ അപേക്ഷ നൽകിയത്.
മീഥൈൽ ഐസോസയനേറ്റ് വാതകം പുറത്തുവിട്ടതിനെ തുടർന്ന് മൂവായിരത്തിലധികം പേരാണ് ദുരന്തത്തിൽ മരിച്ചത്. 1984ലെ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ വിഷ ചോർച്ച മൂലമുണ്ടായ അസുഖങ്ങൾക്ക് ശരിയായ വൈദ്യചികിത്സക്ക് വേണ്ടി ദീർഘകാലമായി പോരാടുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 2010 ജൂൺ 7ന് ഭോപ്പാൽ കോടതി യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിന്‍റെ (യുസിഎൽ) ഏഴ് എക്സിക്യൂട്ടീവുകളെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. അന്നത്തെ യുസിസി ചെയർമാൻ വാറൻ ആൻഡേഴ്സനാണ് കേസിലെ മുഖ്യ പ്രതി. 1992 ഫെബ്രുവരി ഒന്നിന് ഭോപ്പാൽ സിജെഎം കോടതി ഇയാൾ ഒളിവിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. 1992ലും 2009ലും ഭോപ്പാലിലെ കോടതികൾ ആൻഡേഴ്സണെതിരെ രണ്ടുതവണ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ആൻഡേഴ്സൺ 2014 സെപ്റ്റംബറിൽ അന്തരിച്ചു.