ഭോപ്പാൽ: 1984 ലെ ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും അതിജീവിച്ചവർക്കുമായി ജീവിതം സമർപ്പിച്ച സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകൻ അബ്ദുൾ ജബ്ബാർ അന്തരിച്ചു. വ്യാഴാഴ്ച ഭോപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ വാതക ദുരന്തത്തിൽ അദ്ദേഹത്തിന് കാഴ്ചയുടെ 50 ശതമാനം നഷ്ടപ്പെടുകയും ശ്വാസകോശത്തിൽ ഫൈബ്രോസിസ് ബാധിക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെയും അപകടത്തിൽപ്പെട്ടവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ''ഭോപ്പാൽ ഗാസ് പീഡിത് മഹിള ഉദ്യോഗ് സംഗാതൻ'' എന്ന സംഘടനയുടെ കൺവീനറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.