ഹൈദരാബാദ്: തെലങ്കാനയിലെ നിർമൽ ജില്ലയിലെ ഭൈൻസ നഗരത്തിൽ നടന്ന സാമുദായിക സംഘർഷവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്‌തു. സൈലൻസറില്ലാതെ രാത്രിയിൽ ചിലർ ബൈക്ക് ഓടിച്ചതിനെതുടർന്നാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം. സംഘർഷത്തെതുടർന്ന് ആക്രമണം, കല്ലെറിയൽ, തീവയ്‌പ് എന്നിവ ഉണ്ടായി. തിങ്കളാഴ്‌ച വീണ്ടും കല്ലേറുണ്ടായ സാഹചര്യത്തിൽ സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.
സാഹചര്യം നിയന്ത്രണവിധേയമാക്കിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളിൽ നിന്നും 25 പേരെ അറസ്റ്റ് ചെയ്‌തു. നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിപ്പിക്കുന്നതിന് പുറമെ ആർഎഎഫ് ഉദ്യോഗസ്ഥരെയും തിങ്കളാഴ്‌ച രാത്രിയിൽ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. നഗരത്തിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. രണ്ട് വിഭാഗങ്ങളിലെ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തെതുടർന്നുണ്ടായ സംഘർഷത്തിൽ കാർ, ഇരുചക്രവാഹനങ്ങൾ തുടങ്ങി ഇരുപതോളം വാഹനങ്ങളും 14 വീടുകളും തീവച്ചു. തീയണക്കാനെത്തിയ ഫയർ എൻജിനുകളുടെ പൈപ്പുകൾ അക്രമികൾ മുറിച്ചുവെന്നും ആരോപണമുണ്ട്. അക്രമികൾ വീടുകൾ കൊള്ളയടിച്ചതായി പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.