ബെംഗളൂരു: ആശുപത്രിയിലേക്ക് എത്തിക്കുന്ന കൊവിഡ് രോഗികളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നത് ബെംഗളൂരു പൊലീസ് വിലക്കി. ചിത്രങ്ങൾ എടുക്കുന്നതിലൂടെ രോഗികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ച് നിരവധി പരാതികൾ ബെംഗളൂരു പൊലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് രോഗികളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതടക്കമുള്ള പ്രവൃത്തികൾ പൊലീസ് നിരോധിച്ചത്.
കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ചുറ്റുമുള്ളവര്‍ അവരുടെ മൊബൈൽ ഫോണില്‍ ചിത്രങ്ങൾ പകര്‍ത്തുകയും ടെലിവിഷൻ ചാനലുകൾ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യുന്നു. രോഗിയുടെ സമ്മതമില്ലാതെ ഇത്തരം പ്രവര്‍ത്തികൾ പാടില്ലെന്നും അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറഞ്ഞു.