കൊൽക്കത്ത: വടക്കൻ ബംഗാളില്‍ വലിയ അക്രമങ്ങൾക്ക് ഇടയാക്കിയ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബാഹ്യ അതിക്രമങ്ങളുടെ ലക്ഷണമൊന്നും ശരീരത്തിൽ ഇല്ലെന്നും അധികൃതർ അറിയിച്ചു.
പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റ ലക്ഷണങ്ങളൊന്നുമില്ല. എന്നാൽ, കെമിക്കൽ എക്സാമിനർമാരുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ അന്തിമ നിഗമനത്തിലെത്താൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സോനാപൂർ ഗ്രാമത്തിലെ വീട്ടിൽ നിന്ന് പുറത്തുപോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് ബലാത്സംഗം ചെയ്തതതായി ഗ്രാമവാസികൾ ആരോപിച്ചു. ഇതേതുടർന്ന്, ഒരു സംഘം ഗ്രാമവാസികൾ ഞായറാഴ്ച വടക്കൻ ദിനാജ്പൂർ ജില്ലയിലെ ദേശീയ പാത 31ൽ ആറ് പൊലീസ് വാഹനങ്ങൾക്കും സർക്കാർ ബസുകൾക്കും തീയിട്ടു. അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 16 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.