തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽബാലറ്റ് പേപ്പർ ഉപയോഗിക്കാനുളളതയാറെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമനിർദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂർത്തിയായപ്പോൾ നിസാമാബാദ് മണ്ഡലത്തിൽ 189 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. നോട്ടയുൾപ്പെടെ സ്ഥാനാർഥികളുടെ എണ്ണം 64 കവിഞ്ഞാൽ വോട്ടിങ് യന്ത്രം പറ്റില്ല, ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനുള്ള നടപടികൾ കമ്മീഷൻ ആരംഭിച്ചത്.
ബാലറ്റ് പേപ്പറുകൾ സജ്ജമാക്കുന്നതിന് കാലതാമസം ഉണ്ടായാൽ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ടി വരുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രജത് കുമാർ വ്യക്തമാക്കി. വ്യാഴാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഇരുനൂറിലേറെ കർഷകരടക്കം 245 പേരാണ് മണ്ഡലത്തിൽ പത്രിക നൽകിയിരുന്നത് എന്നിരുന്നാലും വെള്ളിയാഴ്ചയോടെയേ മത്സരചിത്രം വ്യക്തമാകൂ. മഞ്ഞളിനു താങ്ങുവില കൂട്ടുക, നിസാമാബാദ് ആസ്ഥാനമായി മഞ്ഞൾ ബോർഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പായില്ലെന്നും കർഷകർ നേരിടുന്ന ദുരിതം ദേശീയ ശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപകമായി നാമനിർദേശ പത്രികകൾ നൽകാൻ തീരുമാനിച്ചതെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.കവിതയും മണ്ഡലത്തിലെ സ്ഥാനാർഥിയാണ്.