ലക്നൗ: ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി. നേതാവും ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കല്യാണ്‍ സിങ് ഇന്ന് ലക്നൗവിലെ സി.ബി.ഐ. കോടതിയില്‍ ഹാജരാകും. കല്യാണ്‍ സിങിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞയാഴ്ച്ച സി.ബി.ഐ. കോടതി ആവശ്യപെട്ടിരുന്നു. ഇതു സംബന്ധിച്ച് കല്യാണ്‍ സിങ്ങിന് കോടതി സമന്‍സ് അയച്ചിരുന്നു. കല്യാണ്‍ സിങ്ങിന് സമന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ ഒമ്പതിന് സി.ബി.ഐ. കോടതിയില്‍ അപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഈ സമയത്ത് രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു കല്യാണ്‍ സിങ്ങ്.
ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് ഗവര്‍ണര്‍ പദവിയിലിരുന്നപ്പോള്‍ കല്യാണ്‍ സിങ്ങിനെ കേസില്‍ ചോദ്യം ചെയ്യാതിരുന്നത്. ഈ മാസം ആദ്യം കല്യാണ്‍ സിങ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കോടതി സമന്‍സ് നല്‍കിയത്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, എം.എം. ജോഷി, ഉമ ഭാരതി എന്നിവരും കേസില്‍ കുറ്റാരോപിതരാണ്.