ന്യൂഡൽഹി: ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ന്യൂഡൽഹിയിലേക്ക് വിളിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം തൃണമൂൽ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇന്ന് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയും ഡിജിപിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് അയച്ചതിന് പിന്നാലെയാണ് ഇരുവരോടും നേരിട്ട് ഹാജരാകാൻ അറിയിച്ചത്. ആക്രമണത്തെക്കുറിച്ച് വിവരം ആരാഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ ഡിജിപിയെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ഇന്നലെ ഉച്ചയോടെ ഡയമണ്ട് ഹാർബറിൽ പ്രതിഷേധക്കാർ നടത്തിയ കല്ലേറിലാണ് നദ്ദയുടെ സംഘം ആക്രമിക്കപ്പെടുകയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്‌തത്.