ജയ്‌പൂര്‍: നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗവർണർ കൽരാജ് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം. നിയമസഭാ സമ്മേളനം ഉടൻ നടക്കും. ഭൂരിപക്ഷം നമ്മോടൊപ്പമുണ്ടെന്നും എല്ലാ കോൺഗ്രസ് എംഎൽഎമാരും ഒറ്റക്കെട്ടാണെന്നും ഗെലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അവരുടെ പിന്തുണ ഇല്ലാതെ തന്നെ രാജസ്ഥാൻ സർക്കാരിന് ഭൂരിപക്ഷമുണ്ട്. ഇത് തെളിയിക്കുന്നതിനായി വിശ്വാസ വോട്ടെടുപ്പ് നടത്താനും തയ്യാറാണെന്ന് ഗെലോട്ട് അറിയിച്ചു.
നിയമസഭാ സമ്മേളനം നടത്തുന്നതിന്‍റെ സാധ്യതയെക്കുറിച്ച് മുഖ്യമന്ത്രിയും ഗവർണറും ചർച്ച ചെയ്തതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കൊവിഡ്, രാഷ്ട്രീയ പ്രതിസന്ധി മുതലായ വിഷയങ്ങൾ നിയമസഭാ സമ്മേളനത്തിൽ ചർച്ചചെയ്യുമെന്ന് ഗെലോട്ട് പറഞ്ഞു. അയോഗ്യതാ സാധ്യത നേരിടുന്ന വിമതരെ ഉൾപ്പെടുത്തി കോൺഗ്രസിന് നിയമസഭയിൽ 107 എംഎൽഎമാരുടെ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ വേണ്ടിവന്നാൽ ഫോറൻസിക് പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.