ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ (എൻ.ആർ.സി) അടുത്ത കോർഡിനേറ്ററായി അസം സീനിയർ സിവിൽ സർവീസ് ഓഫീസർ ഹിതേഷ് ദേവ് ശർമയെ നിയമിച്ചു. 1986 ബാച്ച് ഉദ്യോഗസ്ഥയായ ശർമ മറ്റന്നാള്‍ ചുമതലയേൽക്കുമെന്നാണ് സൂചന. 2013 മുതല്‍ പൗരത്വ രജിസ്റ്ററിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന ഹിതേഷ് ദേവ് ശർമയെ 2106 ല്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് ശര്‍മയെ നഗരവികസന ധനകാര്യ വകുപ്പിന്‍റെ സെക്രട്ടറിയായി നിയമിച്ചിരുന്നു. മുന്‍ കോർഡിനേറ്റര്‍ പ്രതീക് ഹജേലയെ മധ്യപ്രദേശിലേക്ക് മാറ്റിയ സുപ്രീംകോടതി നടപടിക്ക് പിന്നാലെയാണ് പുതിയ നിയമനം.
കഴിഞ്ഞ ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്ട്രിയില്‍ നിന്ന് 1.9 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. പട്ടികയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് കാരണം ബോധിപ്പിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. വിദേശ ട്രൈബ്യൂണല്‍ വഴി അപേക്ഷ അയക്കാനുള്ള അവസരം ഈ മാസം തന്നെ ലഭിക്കുമെന്നാണ് സൂചന.