ഗുവാഹത്തി: അസമില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നു. നഗൗണ്‍ ജില്ലയിലെ റാഹയില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. പ്രദേശത്തെ ബോര്‍പാനി, കപിലി, കലംഗ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മഗുര്‍ഗൗന്‍, അംതല, കമര്‍ഗൗന്‍ എന്നിവിടങ്ങളിലാണ് പ്രളയം സാരമായി ബാധിച്ചത്.
ഏതാണ്ട് അമ്പതിനായിരത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ പൂര്‍ണമായും നശിച്ചു. നിരവധിയാളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്‌ച മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ബി ലാഗ്‌പി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഷട്ടര്‍ തുറന്നതും സാഹചര്യം വഷളാക്കി. ഈ വര്‍ഷം ഇത് നാലാം തവണയാണ് അസമില്‍ പ്രളയമുണ്ടാകുന്നത്.