മുംബൈ: മഹാരാഷ്ട്രയിൽ വീട്ടു നിരീക്ഷണത്തിൽ കഴിയാതെ പുറത്തു കടന്നതിനെ ചോദ്യം ചെയ്ത രണ്ടുപേരെ കുത്തിക്കൊന്ന ലോറി ഡ്രൈവറിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. ലത്തൂർ ജില്ലയിലെ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ലോക്ക് ഡൗൺ ലംഘനങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി ചെക്ക് പോസ്റ്റിൽ ചുമതല ഉണ്ടായിരുന്നവരെയാണ് കുത്തിക്കൊന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രദേശവാസികൾക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രാമത്തിൽ ഒരു ക്യാമ്പ് ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നിയോഗിച്ചിരുന്നവരാണ് കൊല്ലപ്പെട്ട ഷഹാജി പാട്ടീലും വൈഭവ് പാട്ടീലും.
മുംബൈയിൽ നിന്ന് ഈയിടെയായി മടങ്ങിയെത്തിയ ലോറി ഡ്രൈവറായ വിദ്യാമാൻ ബരാമദേക്ക് അധികൃതർ ഗാർഹിക നിരീക്ഷണം നിർദേശിച്ചിരുന്നു. എന്നാൽ, നിബന്ധനകൾ പാലിക്കാതെ ഡ്രൈവർ പുറത്തിറങ്ങിയതിനെ ചോദ്യം ചെയ്‌തിന്‍റെ അമർഷത്തിലാണ് രണ്ടു പേരെയും ഇയാൾ കൊല ചെയ്‌തത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഷഹാജി പാട്ടീലിനെയും വൈഭവ് പാട്ടീലിനെയും ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവറിനെയും കൊല നടത്താൻ സഹായിച്ചവരെയും ഉൾപ്പെടുത്തി ആറു പേർക്കെതിരെ കേസർ ശിർദി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ചില ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.