ന്യൂഡല്‍ഹി: രാജ്യത്ത് കൂടിവരുന്ന മുസ്ലീം വിരുദ്ധത അറബ് രാജ്യങ്ങളില്‍ മോശം പ്രതിച്ഛായ സൃഷ്‌ടിക്കുമെന്ന് ശശി തരൂര്‍ എംപി. രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങള്‍ മാറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ ഇസ്ലാമോഫോബിയ ആരോപിച്ച അറബ് രാജ്യങ്ങളുടെ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവന. ഉന്നത സ്ഥാനങ്ങളില്‍ തുടരുന്നവരുടെയടക്കം മോശം പെരുമാറ്റം തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം കച്ചവടക്കാരനില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന് പറഞ്ഞ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ പരാമര്‍ശം മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ സുരേഷ് തിവാരിയുടെ മുസ്ലീം വിരുദ്ധ പ്രസ്‌താവനക്കെതിരെ ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ബിജെപിയില്‍ തന്നെ തുടരുന്ന ഇസ്ലാമോഫോബിയക്ക് തടയിടാനും മോദിക്ക് കഴിഞ്ഞില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ പേരില്‍ മുസ്ലീങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് അറബ് രാജ്യങ്ങളെ പ്രകോപിപ്പിക്കുകയും വിമര്‍ശനവുമായി കുവൈത്ത് സര്‍ക്കാരും, യുഎഇ രാജകുമാരിയുമടക്കമുള്ളവര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ശശി തരൂര്‍ രംഗത്തെത്തിയത്. ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ആരോപിച്ച് അന്താരാഷ്‌ട്ര സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനും വിമര്‍ശനവുമായി എത്തിയിരുന്നു.