അഹമ്മദ്നഗർ: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്ന ഹസാരെ രംഗത്തെത്തി. കേന്ദ്ര സർക്കാർ കർഷകരുടെ പ്രശ്നങ്ങൾ പരിഗണിക്കാത്ത പക്ഷം 'ജൻ ആന്ദോളൻ' സമരം തുടങ്ങുമെന്ന് അന്ന ഹസാരെ പറഞ്ഞു. ലോക്പാൽ ആന്ദോളൻ സമരരീതിയിലൂടെ അന്നത്തെ കോൺഗ്രസ് സർക്കാർ നടുങ്ങിയെന്നും ഭാരത് ബന്ദ് ദിനത്തിൽ സ്വന്തം ഗ്രാമത്തിൽ ഉപവാസ സമരം നടത്തിയെന്നും അന്ന ഹസാരെ പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൻ ആന്ദോളൻ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കെതിരെ നടപ്പിൽ വരുത്തുന്ന ഒരു നിയമവും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ഡിസംബർ എട്ടിന് രാജ്യത്ത് ഭാരത് ബന്ദ് നടത്തിയിരുന്നു. ഡൽഹി അതിർത്തിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. സമാധാനപരമായി പ്രതിഷേധം തുടരണമെന്നും മഹാത്മഗാന്ധിയുടെ പാത പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.