അമരാവതി: ആന്ധ്രാപ്രദേശിൽ 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 502 ആയി. ചൊവ്വാഴ്ച നടന്ന പരിശോധനയിൽ ഗുണ്ടൂർ ജില്ലയിൽ നിന്ന് അഞ്ച് കേസുകളും അനന്തപുരിയിൽ നിന്ന് മൂന്ന് കേസുകളും കടപ്പ ജില്ലയിൽ നിന്ന് രണ്ട് കേസുകളും കണ്ടെത്തിയതായി സംസ്ഥാന നോഡൽ ഓഫീസർ അറിയിച്ചു.
ഇതുവരെ 16 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 459 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 11 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഗുണ്ടൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ 112 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാന സർക്കാർ കൊവിഡ് -19 സ്‌പെഷ്യൽ റിക്രൂട്ട്‌മെന്‍റ് ഡ്രൈവ് ആരംഭിക്കുകയും സർക്കാർ ജനറൽ ആശുപത്രികളിലെയും ജില്ലാ ആശുപത്രികളിലെയും സ്പെഷ്യലിസ്റ്റുകളും ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർമാരുമായി കരാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
കൊവിഡ് -19 പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി എൻജിഒകളെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളെയും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ വിലക്കിയിട്ടുണ്ട്.