ഹൈദരാബാദ്: ഹൈദരാബാദ് ഏറ്റുമുട്ടലില്‍ തെലങ്കാന മുഖ്യമന്ത്രിയെയും പൊലീസിനെയും അഭിനന്ദിച്ച് ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെയാണ് വൈഎസ് ജഗൻ മോഹൻ റെഡ്ഡി അഭിനന്ദനം അറിയിച്ച് ചന്ദ്രശേഖര റാവുവിന് സന്ദേശമയച്ചത്.
"രണ്ട് പെൺമക്കളുടെ അച്ഛൻ എന്ന നിലയിൽ ഈ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു പിതാവെന്ന നിലയിൽ ഇത്തരം സംഭവങ്ങളോട് ഞാൻ എങ്ങനെ പ്രതികരിക്കണം? ഏതുതരം ശിക്ഷയാണ് മാതാപിതാക്കൾക്ക് ആശ്വാസം നൽകുന്നത്? നാം ഇക്കാര്യം സ്വയം ചിന്തിക്കേണ്ടതുണ്ട്". ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
"ഒരു സിനിമയിലെ നായകൻ ഏറ്റുമുട്ടലിൽ ആരെയെങ്കിലും വധിച്ചാല്‍, നമ്മള്‍ എല്ലാവരും കൈയടിച്ച് സിനിമ നല്ലതാണെന്ന് പറയും. ധൈര്യമുള്ള ഒരാൾ യഥാർഥ ജീവിതത്തിൽ അങ്ങനെ ചെയ്താൽ ചിലര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ പേരില്‍ ഡല്‍ഹിയില്‍ നിന്നും ഇറങ്ങും. ചെയ്തത് തെറ്റാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തുമെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.