ന്യൂഡൽഹി: ഉംപുൻ സൂപ്പൺ സൈക്ലോൺ ആയി മാറിയെന്നും പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലൂടെയാകും ഉംപുനിന്‍റെ സഞ്ചരപാതയെന്നും ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു. ഒഡിഷ സൂപ്പർ സൈക്ലോണിന് ശേഷമുള്ള ശക്‌തമേറിയ രണ്ടാമത്തെ സൈക്ലോൺ ആണ് ഉംപുനെന്നും അദ്ദേഹം പറഞ്ഞു.
21 വർഷം മുമ്പ് 1999ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഒഡിഷ സൂപ്പർ സൈക്ലോൺ ഒഡിഷയുടെയും പശ്ചിമ ബംഗാളിന്‍റെയും ഭൂരിഭാഗവും തകർത്തിരുന്നു. ഒഡിഷ സൂപ്പർ സൈക്ലോണിനേക്കാള്‍ ശക്തി കുറവാണ് ഉംപുനിനെന്നും മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. ബംഗാൾ ഉൾക്കടലിന്‍റെ വടക്ക് കിഴക്ക് ഭാഗത്തേക്കാവും ഉംപുൻ സഞ്ചരിക്കുകയെന്നും മണിക്കൂറിൽ 155 കിലോമീറ്റർ മുതൽ 165 കിലോമീറ്റർ വരെയാകും വേഗതയെന്നും അദ്ദേഹം പറഞ്ഞു.
ഉംപുൻ തീരം തൊടുമ്പോൾ നിശ്ചലമല്ലെന്നും കനത്ത നാശനഷ്‌ടത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 18 മുതൽ 21 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും പോയവർ തിരികെ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 നവംബറിലുണ്ടായ ചുഴലിക്കാറ്റിന്‍റെ പാതയാകും ഉംപുൻ പിന്തുടരുക എന്നാണ് സൂചനയെന്നും ഐഎംഡി ഡിജി അറിയിച്ചു. ഒഡിഷയിലെ വടക്കൻ ജില്ലകളിലെ തീരദേശ ഗ്രാമങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കുന്നത് ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു