ന്യൂഡല്‍ഹി: അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവലോകന യോഗം വിളിച്ച് അമിത് ഷാ. കേന്ദ്ര സായുധ പൊലീസ് സേനയുടെ ഡയറക്‌ടര്‍ ജനറല്‍മാരുടെ യോഗമാണ് വിളിച്ചു കൂട്ടിയത്. ബിഎസ്എഫിലും,സിആര്‍പിഎഫിലും,ആഭ്യന്തര മന്ത്രാലയ കണ്‍ട്രോള്‍ റൂമിലടക്കം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം. അവലോകന യോഗത്തില്‍ സായുധസേനയില്‍ പാലിക്കേണ്ട കൊവിഡ് പ്രതിരോധ നടപടികളാണ് പ്രധാനമായും ചര്‍ച്ച ചെയ്‌തത്. മെസ്സുകളില്‍ നിലവിലുള്ള ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുക, ബാരക്കുകളില്‍ താമസിക്കാനുള്ള സൗകര്യമൊരുക്കുക,ആയുഷ് മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു.
അര്‍ധ സൈനിക വിഭാഗത്തില്‍ ഇതുവരെ 380 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 3 പേര്‍ മരിച്ചു. ചൊവ്വാഴ്‌ച 2 ബിഎസ്എഫ് സൈനികരാണ് കൊവിഡ് മൂലം മരിച്ചത്. സിഎപിഎഫില്‍ നിന്നും ഒരാളും മരിച്ചു. ബിഎസ്എഫില്‍ നിന്നും 193 പേര്‍ക്കും സിആര്‍പിഎഫില്‍ നിന്നും 158 പേര്‍ക്കും സിഐഎസ്എഫില്‍ നിന്നും 22 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ നിന്നും 45 പേരും എസ്എസ്ബിയില്‍ നിന്നും 4 പേരും കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്. ഡല്‍ഹിയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.