ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വരുന്ന ദിവസങ്ങളിൽ ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം കൂടുതൽ മോശമാകുമെന്ന് റിപ്പോർട്ട്. നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 118 ആയിരുന്നു. ഞായറാഴ്‌ച്ച ഇത് 344 ആയിരുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പൂജ്യത്തിനും 50നും ഇടയിലുള്ള എക്യുഐ ആണ് വായുവിന്‍റെ ഗുണനിലവാരത്തിന് നല്ലത്. 51നും 100നും ഇടയിൽ തൃപ്തികരവും 101നും 200നും ഇടയിൽ മിതവും 201നും 300നും ഇടയിൽ മോശവും 301നും 400നും ഇടയിൽ വളരെ മോശവും 401നും 500നും ഇടയിൽ കഠിനവുമാണ്. ശാന്തമായ കാറ്റും കുറഞ്ഞ താപനിലയും മലിനീകരണത്തിന് സാധ്യത വർധിപ്പിക്കും. അതുകൊണ്ട് തന്നെ പ്രതികൂല കാലാവസ്ഥ വായുവിന്‍റെ ഗുണനിലവാരം വളരെ മോശമായി തുടരാൻ ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.