ഹൈദരാബാദ്: കൊവിഡ്-19 രോഗികളെ നിരീക്ഷിക്കുന്നതിനായി റിമോട്ട് ഹെല്‍ത്ത് മോണിറ്ററിംഗ് സിസ്റ്റം അവതരിപ്പിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഋഷികേശും ഭാരത് ഇലക്‌ട്രോണിക്സ് ബംഗളൂരുവും ചേര്‍ന്നാണ് പുതിയ സംവിധാനം കണ്ടെത്തിയിരിക്കുന്നത്. രോഗിയുടെ ശരീര ഉഷ്മാവ്, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്‍റെ അളവ് തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് രോഗിയെ കാണാതെ തന്നെ നിരീക്ഷിക്കാനാകുന്ന സംവിധാനമാണിത്.
ഇന്‍റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. ഇതുവഴി ഡോകടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പകരാനുള്ള സാധ്യത കുറയ്ക്കാം. രോഗിയുമായി ശാരീരിക സ്‌പര്‍ശം ഇല്ലാതെ തന്നെ ചികിത്സ നടത്താം എന്നുള്ളതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് എയിംസിലെ റേഡിയോളജി വിഭാഗം എം.ഡി ഡോ. മോഹിത്ത് പറഞ്ഞു. ക്ലിനിക്കല്‍ ടെസ്റ്റിന് ശേഷമേ ഇതിന് അനുമതി ലഭിക്കുകയുള്ളൂ. ആശുപത്രികളില്‍ രോഗികള്‍ വര്‍ധിക്കുന്നത് അധികൃതരെ അലട്ടുന്നുണ്ട്. പുതിയ മെഷീനിലെ സെന്‍സറുകള്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ രോഗിയ നീരീക്ഷിക്കാനാകും. ഹൃദയമിടിപ്പും ശരീര ഊഷ്മാവും അളക്കാന്‍ കഴിയുന്ന ആപ്പും ഇവര്‍ കണ്ടു പിടിച്ചിട്ടുണ്ട്. ഈ ആപ്പ് ഉപയോഗിച്ചാല്‍ ലാപ് ടോപ്പോ മെബൈല്‍ ഫോണോ ഉപയോഗിച്ച് ഡോക്ടര്‍ക്ക് രോഗിയുടെ ആരോഗ്യ നില വിലയിരുത്താനാകും.