ന്യൂഡൽഹി: എയിംസിൽ കണ്ണ് ഓപ്പറേഷനെത്തിയ മാധ്യമ പ്രവർത്തകന്‍റെ കൈയ്യിൽ നിന്നും പണം തട്ടിയെടുത്തയാൾ പൊലീസ് പിടിയിലായി. 52കാരനായ മാധ്യമ പ്രവർത്തകന്‍റെ 60,000 രൂപയാണ് നഴ്‌സിങ് അറ്റൻഡന്‍റായ സതീഷ് കുമാർ ദാമ തട്ടിയെടുത്തത്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയാണ് സതീഷ് കുമാർ ദാമ.
ഓപ്പറേഷന്‍റെ നടപടി ക്രമത്തിന് പ്രവേശിക്കുന്നതിന് മുമ്പായി മെഡിക്കൽ അറ്റൻഡന്‍റായിരുന്ന ധാമയെ 60,000 രൂപ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതി പണവുമായി രക്ഷപ്പെടുകയായിരുന്നുവെന്നും ഹോട്ടൽ മുറിയിൽ റൂം ബുക്ക് ചെയ്‌തതു വഴിയാണ് പ്രതിയെ പിടികൂടാനായതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു.
പ്രതിയിൽ നിന്ന് 29,500 രൂപ പൊലീസ് കണ്ടെടുത്തു. ഇയാൾ നിരവധി ഫോണുകളും മാറ്റി ഉപയോഗിച്ചിരുന്നുവെന്നും കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു