അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെതിരെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന് ലഭിച്ചത് ദൈവം നൽകിയ തിരിച്ചടിയാണെന്ന് ജഗൻ മോഹൻ റെഡ്ഡി. എംഎൽഎമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാന്മാര്‍ഗിക രീതിയിലൂടെ അധികാരം പിടിച്ചെടുക്കുകയും അനീതിക്ക് കൂട്ട് നിൽക്കുകയും ചെയ്യുന്നവർക്ക് ദൈവം നൽകിയ ശിക്ഷക്ക് തെളിവാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. 2014 ലെ തെരഞ്ഞെടുപ്പിൽ വൈഎസ്ആർസിപിയുടെ 23 എംഎൽഎമാരെയാണ് നായിഡു വിലക്കെടുത്തത്. തെരഞ്ഞെടുപ്പ് ഫലം വന്ന 23 ന് ടിഡിപിക്ക് 23 സീറ്റ് മാത്രമേ നേടാൻ സാധിച്ചുള്ളൂവെന്നും ജഗൻ മോഹൻ റെഡ്ഡി പരിഹസിച്ചു. 23 എന്ന സംഖ്യ കൊണ്ട് ദൈവം വളരെ മനോഹരമായ ഒരു തിരക്കഥയാണ് രചിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈഎസ്ആർസിപിയുടെ മൂന്ന് എംപിമാരെ നിയമവിരുദ്ധമായി വിലക്കെടുത്ത നായിഡുവിന് ഇത്തവണ മൂന്ന് ലോക്‌സഭാ സീറ്റ് മാത്രമാണ് ലഭിച്ചതെന്നും അതും ദൈവത്തിന്‍റെ കണക്കുകൂട്ടലാണെന്നും റെഡ്ഡി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ 175 സീറ്റുകളിൽ 151 സീറ്റുകള്‍ നേടിയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുത്തത്. ടിഡിപിക്ക് ആകെ ലഭിച്ചത് 23 സീറ്റുകളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റിൽ 22 സീറ്റുകളും വൈഎസ്ആര്‍സിപി നേടിയപ്പോള്‍ ടിഡിപി മൂന്ന് സീറ്റുകളില്‍ ഒതുങ്ങി.