ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാന്‍ ഒരുങ്ങി കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുന്നതിലുളള പ്രതിഷേധം രേഖപ്പെടുത്തുന്നതിന്‍റെഭാഗമായാണ് തമിഴ്‌നാട്ടില്‍ നിന്നുളള 110 കര്‍ഷകര്‍ മോദിക്കെതിരെ മത്സരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടംപിടിച്ചില്ലെങ്കില്‍ വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. വാരണാസിയിലേക്കുളള ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിനിടെയായിരുന്നു കര്‍ഷകരുടെ പ്രതികരണം.
ഏപ്രില്‍ 24ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ഉപജ്ജീവനമാര്‍ഗം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി നടത്തിയ പ്രതിഷേധത്തില്‍ മോദി സര്‍ക്കാര്‍ മൗനം പാലിച്ചതിലുളള മറുപടിയായാണ് മത്സരിക്കുന്നതെന്ന് സംഗമം പ്രസിഡന്‍റ് അയ്യാക്കണ്ണ് വ്യക്തമാക്കി. 2017ല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാല്‍ തങ്ങളെ കാണാനോ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ മോദി തയ്യാറാകാത്തതിനെ തുടർന്നാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് കര്‍ഷകർ വ്യക്തമാക്കി.
വരള്‍ച്ചയില്‍ വലഞ്ഞ കര്‍ഷകര്‍ക്കായി 40000 കോടി രൂപയുടെ കടാശ്വാസം പ്രഖ്യാപിക്കണമെന്നതായിരുന്നു കര്‍ഷകരുടെ മുഖ്യ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ അനിശ്ചിതകാല സമരമാണ് അയ്യാക്കണ്ണിന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തിയത്. എന്നാല്‍ 1740 കോടി രൂപയുടെ നാമമാത്രമായ ധനസഹായം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വാരണാസിയില്‍ മെയ് 19നാണ് വോട്ടെടുപ്പ്.