മുംബൈ: രാജസ്ഥാന് ശേഷം ബിജെപി മഹാരാഷ്‌ട്ര സർക്കാരിനെതിരെ അട്ടിമറി പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന ആരോപണവുമായി ശിവസേന. പാർട്ടിയുടെ മുഖപത്രമായ 'സാമ്‌ന'യിലൂടെയാണ് ശിവസേന ആരോപണം ഉന്നയിച്ചത്. ബിജെപിയുടെ ആശയങ്ങളോട് യോജിച്ച് പോകാത്ത സർക്കാരുകളുടെ പ്രവർത്തനം ബിജെപി അനുവദിക്കില്ലെന്നാണ് ശിവസേനയുടെ ആരോപണം.
രാജസ്ഥാൻ സർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. വെള്ളിയാഴ്‌ച നിയമസഭാ സമ്മേളനം ചേരാനിരിക്കുകയാണ്. സർക്കാരിന് മേൽ ഗെലോട്ടിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നും ഇനി മറ്റ് സർക്കാരുകളെ തകർക്കുക എന്നതാണ് ബിജെപിയുടെ നയമെന്നും സാമ്‌നയിൽ പറയുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായുണ്ടായ ചർച്ചയെ തുടർന്ന് പാർട്ടിയിലേക്ക് തിരികെയെത്താൻ സച്ചിൻ പൈലറ്റ് സമ്മതം അറിയിച്ചിരുന്നു.
ആവശ്യത്തിന് എംഎൽഎമാരെ ലഭ്യമാകാതിരുന്നതിനെ തുടർന്ന് സച്ചിൻ പൈലറ്റിന്‍റെ ശ്രമം പരാജയപ്പെട്ടെന്നും മുഖപത്രത്തിൽ പറയുന്നു. സെപ്‌റ്റംബറിൽ മഹാരാഷ്‌ട്രയിലെ സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് എന്ത് നയമാണെന്നും ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സാമ്‌ന ആരോപിക്കുന്നു.
"ഓപ്പറേഷൻ 'താമര' രാജസ്ഥാനിലും മഹാരാഷ്‌ട്രയിലും പരാജയപ്പെട്ടെന്നും എന്നാൽ വീണ്ടും മഹാരാഷ്‌ട്രയിലേക്ക് ബിജെപി എത്തുകയാണെന്നും മുഖപത്രം വിശദീകരിക്കുന്നു. രാജസ്ഥാനിലെ ഒരു മാസത്തെ പരിശ്രമത്തിൽ നിന്നും പരാജയം സമ്മതിച്ച് ബിജെപി പുതിയ പാഠങ്ങൾ പഠിക്കണമെന്നും സാമ്‌ന പറയുന്നു.