ന്യൂഡൽഹി: ഡൽഹിയിലെ കനത്ത മഴയിൽ ടെമ്പോ റിക്ഷ ഡ്രൈവർ കുന്ദൻ മരിച്ചു. 56കാരനായ കുന്ദനാണ് വെള്ളക്കെട്ടിൽ മുങ്ങി മരണപ്പെട്ടത്. ഉത്തരാഖണ്ഡിൽ നിന്ന് മാർച്ചിലാണ് ഇയാൾ ഡൽഹിയിലെത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് താമസം പൂർണമായും ടെമ്പോ റിക്ഷയിലായിരുന്നു. കനത്ത മഴയിൽ വെളളക്കെട്ട് രൂപപ്പെടുകയും ടെമ്പോ കുടുങ്ങുകയുമായിരുന്നു. തുടർന്ന് അയാൾക്ക് തിരികെ എത്താൻ സാധിക്കാത്ത നിലയെത്തിയെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഡിറ്റിസി ബസടക്കം നഗരത്തിൽ മുങ്ങിപ്പോയിരുന്നു. എന്നാൽ ഡൽഹിയിൽ ഇത്തരത്തിലൊരു അപകടം ഉണ്ടായതിനെ ഇയാളുടെ കുടുംബാംഗങ്ങൾ ചോദ്യം ചെയ്‌തു. രണ്ട് പെൺകുട്ടികളുടെ പിതാവായ കുന്ദൻ കുടുംബത്തിന് വേണ്ടിയാണ് ഡൽഹിയിൽ എത്തിയതെന്ന് കുടുംബാംഗം പറഞ്ഞു. ഇത്തരത്തിലുള്ള സംഭവം ഡൽഹിയിൽ ആദ്യമല്ല നടക്കുന്നത്. കൃത്യമായ നടപടികൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സർക്കാരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കണമെന്നും കുടുംബാഗം പറഞ്ഞു. അഗ്നിശമന വകുപ്പ് മുങ്ങിപ്പോയ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും രക്ഷപ്പെടുത്തിയെങ്കിലും കുന്ദനെ രക്ഷിക്കാനായില്ല.