മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെ ബിജെപി ഭോപാൽ ലോക്സഭാ സ്ഥാനാർഥിയാക്കിയതിനെ വിമർശിച്ച് എഐഐഎംഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. സുരക്ഷാ പ്രശ്നം പരിഹരിച്ചുവെന്നും ഭീകരവാദം നിയന്ത്രിക്കപ്പെട്ടെന്നും നരേന്ദ്രമോദി പ്രസംഗിക്കുന്നു. എന്നാല്‍ ആറ് പേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ സാധ്വി പ്രഗ്യാ സിങിനെ മോദി സ്ഥാനാര്‍ഥിയാക്കിയെന്നും ഒവൈസി. പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ പ്രധാനമന്ത്രിയാവാൻ ഒരു മാസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും ഒവൈസി പറഞ്ഞു. ഔറംഗാബാദിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2008 സെപ്തംബർ 29 ന് മഹാരാഷ്ട്രയിലെ മലേഗാവിലുണ്ടായ സ്ഫോടനക്കേസിലെ ഏഴ് പ്രതികളിലൊരാളാണ് സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍. തീവ്രവാദ വിരുദ്ധ സേന മേധാവിയായിരുന്ന ഹേമന്ദ് കർക്കറെ കൊല്ലപ്പെട്ടത് തന്‍റെ ശാപം മൂലമാണെന്ന് പറഞ്ഞയാളെ സ്ഥാനാർഥിയാക്കിയ പ്രധാനമന്ത്രി മുംബൈയിൽ എങ്ങനെ വോട്ട് ചോദിക്കുമെന്ന് ഒവൈസി ചോദിച്ചു. 2008 നവംബറിൽ മുംബൈയിലുണ്ടായ ആക്രമണത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഹേമന്ദ് കർക്കറെ കൊല്ലപ്പെട്ടത്.